‘SeaYou - 2021 Dhanushkodi’ whatsapp സ്റ്റാറ്റസ് കണ്ടു ആ പേരിൽ തുടങ്ങിയ പ്രണയമായിരുന്നു Metal Gear Club-ന്റെ ഈ event-ലേക്ക് ഞങ്ങളെ എത്തിച്ചത്. കടലും തീരവും നമ്മുടെ നാട്ടിൽ തന്നെ ഇല്ലേ എന്ന സ്ഥിരം ചോദ്യങ്ങൾക്ക് ചെവി കൊടുക്കാതെ ആദ്യമായി long ride നടത്താനായി ഒത്തു വന്ന യാത്ര ഞാനും സിബിയും അങ്ങു ഉറപ്പിച്ചു. അങ്ങനെ February 27 28, March 1 തീയതികളിൽ നടന്നേക്കാവുന്ന സംഭവവികാസങ്ങളും, ഒപ്പം ആകാശം സ്വപ്നം കാണാൻ പഠിപ്പിച്ച ഡോക്ടർ എ പി ജെ അബ്ദുൽ കലാം സാറിന്റെ മണ്ണും, സാമൂഹ്യപാഠം പുസ്തകങ്ങളിൽ എവിടെയോ കേട്ടും കണ്ടും പോയ പ്രേത നഗരവും, ഇതിനെല്ലാമുപരി യാത്ര ഒരല്പം രാജകീയം(Royal) ആണെന്നുമുള്ള തിരിച്ചറിവും മനസ്സിൽ താലോലിച്ചു ഞങൾ കാത്തിരുന്ന്. തീരുമാങ്ങൾക്കൊപ്പം whatsapp-ലെ SeaYou-2021 എന്ന ഗ്രൂപ്പിലേക്ക് എത്തിച്ചേർന്നതും, ട്രിപ്പിന്റെ എല്ലാ വിവരങ്ങളും അറിഞ്ഞതും പെട്ടെനന്നാരുന്നു. റോയൽ എൻഫീൽഡ്-ന്റെ മഹത്തായ യന്ത്രങ്ങൾ മാത്രമല്ല, ഏത് ടൂവീലറുകളും Metal Gear Club ട്രിപ്പിന് സ്വീകാര്യമാണെന്ന് അപ്പോഴാണു ഞങ്ങളൂം അറിഞ്ഞതു .
അങ്ങനെ ഫെബ്രുവരി 27-ന് രാവിലെ 4 30ന് തിരുവനന്തപുരം മാനവീയം വീഥിയിൽ ഞങ്ങൾ എത്തി. ആദ്യ കാഴ്ചയിൽ തന്നെ എനിയ്ക്ക് രോമാഞ്ചം നൽകിക്കൊണ്ട് പന്ത്രണ്ടോളം വണ്ടികൾ നിരന്നിരുന്നു, ഒപ്പം യെന്തിരന്മാരെ അനുസ്മരിപ്പിക്കുംവിധം കുറച്ചു പേരും. ഞങ്ങളെ കൂടാതെ നാല് കപ്പിൾസ് ഉണ്ടായിരുന്നു എന്നത് എന്നിലെ സുരക്ഷിതത്വത്തെ കുറിച്ചുള്ള അങ്കലാപ്പിനെ ഓടിച്ചു. ഒരു വൈകുന്നേരത്തിൽ അപ്പുറം എന്റെ ചങ്ക് ആയി മാറിയ ക്ലബ്ബിലെ ലേഡി അഡ്മിൻ നിയമങ്ങളും വ്യവസ്ഥകളും അടങ്ങിയ ഒരു പേപ്പർ കൊണ്ടുവന്നു. വായിച്ചു നോക്കി ഒപ്പിട്ടു കൊടുക്കുമ്പോൾ വലിയ ഉത്തരവാദിത്തങ്ങളിലേക്ക് ഉള്ള കാലെടുത്തു വായ്പ്പാണെന്നു ഞാൻ മനസ്സിലാക്കി. നേരത്തെ തന്നിരുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പുലർച്ചെ 5.നു തന്നെ തിരുവനന്തപുരത്തിനോട് യാത്ര പറഞ്ഞു. മുന്നിലും പിന്നിലും ‘കുടു കുടു ' ശബ്ദവുമായി ഞങ്ങൾ ഞങ്ങൾ 18 അംഗ സംഘം യാത്ര തുടങ്ങി. ദേശീയപാതയിലേക്ക് കടന്നെങ്കിലും ഏറി വന്ന തിരക്കിനാൽ പതിയെ ആയിരുന്നു യാത്ര. നെയ്യാറ്റിന്‍കര ആയതോടുകൂടി ഞങ്ങളുടെ എണ്ണത്തിന് സ്ഥാനക്കയറ്റം നൽകിക്കൊണ്ട് 21 പേരും 14 വണ്ടികളുമായി.
epass ചടങ്ങുകൾ എല്ലാം കൃത്യമായി നിർവ്വഹിച്ചിരുന്നത് കൊണ്ട് തന്നെ മാസ്ക് അന്യമായ ആയ തമിഴ്നാട് അതിർത്തി വളരെപ്പെട്ടെന്നുതന്നെ പ്രവേശിച്ചു. ഇടയ്ക്കിടയ്ക്ക് നടുവിന് മടി തോന്നുമ്പോൾ എല്ലാവരും ചേർന്ന് റോഡരികിൽ നിർത്തി വിശ്രമിച്ചു . അപ്പോഴും വണ്ടിയിൽ നിന്ന് ഇറങ്ങാതെ ഒറ്റ ഇരിപ്പ് ഇരുന്ന്, ഏറ്റവും പുറകിലായ് എല്ലാവരേയും നിയന്ത്രിച്ച് വന്ന റോക്കി ഭായ് (വിഷ്ണു) എന്നെ അത്ഭുതപ്പെടുത്തി.
കോസ്റ്റൽ റൂട്ട് ആയിരുന്നു യാത്രയ്ക്കായി ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത്. കിലോമീറ്ററുകൾ ഞങ്ങൾക്ക് ഇരുവശവുമായി കടന്നുപോയി പോയി. ഒമ്പതുമണിയോടെ നാടർഉവരി എന്നൊരു സ്ഥലത്തെത്തുകയും വിശപ്പിനോട് ഞങ്ങൾ കീഴടങ്ങുകയും ചെയ്തു. ഒരു വശത്തു കടലും, മറു വശത്തു ഭക്ഷണ ഓഫറുകൾ വിളിച്ചുപറയുന്ന ഹോട്ടൽ ജീവനക്കാരും. എല്ലാവരെയും ഒരുമിച്ച് ഉൾക്കൊള്ളാൻ കഴിയാത്ത ഹോട്ടലുകൾ ആയിരുന്നതുകൊണ്ട് ഞങ്ങൾ രണ്ടായി പിരിഞ്ഞു ഭക്ഷണശാലകളിൽ കേറി. എന്റെ ദിവസം നിർണയിക്കുന്നത് രാവിലത്തെ ഭക്ഷണം ആണ്, അത് അത് പൂർണ സംതൃപ്തിയോടെ നിർവഹിക്കപ്പെട്ടു. മസാല ദോശയും വടയും ചായയും. വയറിന്റെ കരച്ചിൽ തീർന്നതിൽ പിന്നെയാണ് ആണ് ചുറ്റുപാടിനെ നിരീക്ഷിച്ചത്. പ്രസിദ്ധമായ ഒരു ക്ഷേത്രവും തരക്കേടില്ലാത്ത തിരക്കുമുള്ള ഒരു നാടായിരുന്നു അത്.
നേരം കളയാതെ പിന്നെയും യാത്ര തുടങ്ങി. വെയിലിന്റെ കാഠിന്യമേറി വന്നു. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന തരിശുനിലങ്ങളെയും, ഇടയ്ക്കിടയ്ക്ക് കടന്നു വരുന്ന കൃഷിസ്ഥലങ്ങളെയും താണ്ടി, വെയിലിനെ തോൽപ്പിച്ച് യാത്ര തുടർന്നു. നല്ല റോഡ് എന്ന ഒറ്റക്കാരണത്താൽ യാത്ര ക്ഷീണം ഞങളെ ബാധിച്ചതേയില്ല. റോഡിൻറെ അറ്റം എത്തിപിടിക്കൽ ആയിരുന്നു ഞങ്ങളുടെ ഉദ്ദേശം, അങ്ങനെ തിരിച്ചെന്റൂരും കടന്നു തൂത്തുക്കുടിയിൽ എത്തിച്ചേർന്നു. ഒരേ വരിയിൽ പോയിട്ടും വഴിതെറ്റി വരും ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു. കൂട്ടംതെറ്റിയ കുഞ്ഞാടുകളെ തിരിച്ചുകൊണ്ടുവന്നു നടു നിവർത്താനായി എവിടെയോ നിർത്തി. അവിടെവെച്ചാണ് ഞങ്ങൾ പരസ്പരം നന്നായി പരിചയപ്പെട്ടത്. പിന്നീടുള്ള യാത്രയിൽ അവിടെ നിന്നുള്ള സൗഹൃദവും കൂട്ടിന് ഉണ്ടായിരുന്നു.
ചുറ്റിനും ഉപ്പു പാടങ്ങൾ മാത്രം. അവ കഴിഞ്ഞാൽ കരിമ്പനകൾ, കരിമ്പനകൾ കഴിഞ്ഞാൽ പിന്നെയും ഉപ്പു പാടങ്ങൾ. ഇത് ഇങ്ങനെ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഉപ്പു പാടങ്ങളിലെ തൊഴിലാളികളുടെ വീടുകൾ ഞാൻ അവിടെയൊക്കെ തിരഞ്ഞെങ്കിലും എങ്ങും കണ്ടിരുന്നില്ല. ഒരു കുരുപ്പ് പോലും മുളയ്ക്കാത്ത ഭൂമിയും യാത്രയ്ക്കിടയിൽ ഞങ്ങൾ കണ്ടിരുന്നു. ഇടക്കിടക്ക് കണ്ടിരുന്ന രാമേശ്വരം ബോർഡുകൾ വല്ലാത്ത ഒരു പ്രതീക്ഷ തരുന്നുണ്ടായിരുന്നു.
ഉച്ചക്ക് ഒരു മണിയോടെ സിക്കൽ എന്ന നാടും വിശപ്പും ഒപ്പം ക്ഷീണവും പരസ്പരം കണ്ടുമുട്ടി. അങ്ങനെ അവിടെയിറങ്ങി ഒരു സൂപ്പർ മാർക്കറ്റിനുമുന്നിൽ ഞങ്ങൾ യെന്തിരന്മാർ നിരന്നിരുന്നു. ഒരു പോലീസുകാരൻ എന്നെ ആകാംക്ഷയോടെ നോക്കുന്നുണ്ടാരുന്നു, സാമാന്യം നല്ല കുടവയറുള്ള അദ്ദേഹത്തെ ഞാനും. നല്ല വിശ്രമം ശരീരത്തിന് കൊടുത്തതിനു ശേഷമാണ് കഴിക്കാൻ തീരുമാനിച്ചത്. പിന്നെയും ഞങ്ങൾ പലരായി പിരിഞ്ഞ് പേരറിയാത്ത ഭക്ഷണശാലകളിൽ കയറി. അതുഗ്രൻ വെജിറ്റബിൾ ഫ്രൈഡ് റൈസും കഴിച്ചു പുറത്തു വന്നപ്പോൾ ഭക്ഷണകാര്യത്തിൽ ഓരോരുത്തർക്കും പറ്റിയ അബദ്ധങ്ങൾ പങ്കുവെക്കുകയായിരുന്നു. ഭാഗ്യവതി എന്ന് എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.
ഇതിനിടക്ക് മറ്റൊരു ദിശയിൽ നിന്ന് യാത്ര പുറപ്പെട്ടിരുന്ന ഞങ്ങളുടെ ഒരു അഡ്മിൻ ഗോകുൽ ചേട്ടൻ ലക്ഷ്യസ്ഥാനത്ത് എത്തിയതായി സന്ദേശം കിട്ടി. ഞങ്ങൾക്കുള്ള ക്രമീകരണം ഒരുക്കുന്നതിനായാണ് പുള്ളിക്കാരൻ നേരത്തെ അവിടെ എത്തിയത്. ഇത് ഞങ്ങളുടെ യാത്രയ്ക്ക് ഉഷാറ് കൂട്ടി. വഴിയിൽ നാൽക്കാലികളും കരിമ്പനകളും കടന്നുപോയി, കേട്ടു പരിചയം ഉള്ള ഒരേയൊരു സ്ഥലമാണ് ഇതിനിടയ്ക്ക് കണ്ടത്. അത് അത് തീർത്ഥാടന കേന്ദ്രം ആയിരുന്നു ഏർവാടി ആയിരുന്നു. നമ്മുടെ നാട്ടിലെ നല്ല ഡബിൾ സ്ട്രോങ്ങ് ചായയുടെ നിറത്തിലുള്ള കുളങ്ങൾ കാണാൻ കഴിഞ്ഞു, അതിൽ കുട്ടികളും മുതിർന്നവരും കുളിക്കുകയും തുണി കഴുകുകയും ചെയ്യുന്നുണ്ടാരുന്നു. ശുദ്ധജലം അവർക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു, ഒപ്പം നമ്മൾ എത്ര ഭാഗ്യവാന്മാരാണ് എന്നതും.
ഞങ്ങളും ലക്ഷ്യത്തിലേക്ക് കടക്കുകയാണെന്നു രാമേശ്വരം ബോർഡുകളും എന്റെ ഉറ്റ സുഹൃത്ത് അത് ഗൂഗിൾ മാപ്പും സൂചിപ്പിച്ചുകൊണ്ടിരുന്നു. ഒന്നു കണ്ണടച്ചുതുറക്കും മുൻപേ പാമ്പൻ പാലം പ്രത്യക്ഷപ്പെട്ടു.
വായിച്ചറിഞ്ഞ സ്ഥലങ്ങളെ നേരിൽ കാണുക എന്നതിൽ പരം സന്തോഷം മറ്റൊന്നിനുമില്ല.
കടലിനു നടുവിലൂടെ രണ്ടു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് കിലോ മീറ്ററിൽ അധികം നീളം വരുന്ന പാലം. തിരക്കിനിടയിലും ഞങ്ങളും കുറച്ചുനേരം അവിടെ നിർത്തി. പാലത്തിനു സമാന്തരമായി റെയിൽവേ പാളവും കടന്നുപോകുന്നുണ്ട്. തലയ്ക്കുമുകളിൽ അധികാരത്തോടെ കുറെയേറെ പരുന്തുകളും ഉണ്ടായിരുന്നു. അധികനേരം കളയാതെ ഞങ്ങൾ മുന്നോട്ടു നീങ്ങി. തങ്കച്ചി മഠം എന്നു പേരുള്ള ഒരു സ്ഥലത്ത്, ഞങ്ങൾക്ക് മുന്നിലുള്ളവർ വണ്ടി നിർത്തി, ഒപ്പം ഞങ്ങളും. ആസ്വദിച്ചു വന്ന വിശാലമായ റോഡിൽനിന്ന് ഇന്ന് ഒരു ചെറിയ റോഡിലേക്ക് കടന്നു മുന്നോട്ടു നീങ്ങി. അത് ഞങ്ങളെ എത്തിച്ചത് വില്ലൂണ്ടി തീർത്ഥം എന്ന ഒരിടത്തേക്ക് ആണ്. കരയല്ല, കടലാണ് മുമ്പിൽ. അവിടെനിന്ന് കല്ലുപാകിയ വഴികളിലൂടെ ഞങ്ങളുടെ വണ്ടികൾ നീങ്ങി. മണലിൽ വണ്ടി ഇറക്കരുത് എന്ന നിർദേശം ഉണ്ടായിരുന്നു, കാരണം പിന്നീട് വണ്ടിയെടുക്കാൻ ബുദ്ധിമുട്ടുമത്രേ, എന്നിട്ടും റൈഡർ അളിയൻസിൽ ഒരാൾ ആ മണ്ണിലിറങ്ങി, വണ്ടി അവിടെ നിന്ന് എടുക്കാൻ നോക്കിയെങ്കിലും പിറകിൽനിന്നവർ മണ്ണുതിന്നത് മിച്ചം.
ഓഷൻ വണ്ടേഴ്സ് എന്നു പേരുള്ള ഒരു റിസോർട്ട് ആയിരുന്നു ഞങ്ങളെ കാത്തിരുന്നത്. അവിടെ നിന്ന് മൂന്ന് പേരും ഒപ്പം ഒരു പട്ടിയും ഞങ്ങളെ അകത്തേക്ക് സ്വാഗതം ചെയ്തു. അല്പം വിശ്രമത്തിനുശേഷം കടലിൽ കുളിയും കൂടെ ഫോട്ടോഷൂട്ടയുമായി ആ സൂര്യാസ്തമയം ഞങ്ങൾ ആസ്വദിച്ചു . സന്ധ്യയായപ്പോൾ കഴിക്കാനായി എല്ലാവരും പുറത്തുപോയി, കാര്യമായി ഭക്ഷണമൊക്കെ കഴിച്ചു തിരിച്ചെത്തി. റേഞ്ച് ഇല്ലാത്തതിനാൽ ഫോൺ ഉപയോഗിച്ച് സമയം കളയേണ്ടി വന്നില്ല, അത് കാരണം ബീച്ചിൽ പോയി എല്ലാവരും ചേർന്നിരുന്നു ഒരുപാട് നേരം സംസാരിച്ചു. സൗഹൃദം കൂടുതൽ ശക്തമാകുന്നത് അവിടെവച്ചാണ്.
മുമ്പിൽ കടലും മുകളിൽ ആകാശവും നക്ഷത്രങ്ങളും, ഒപ്പം ഒരേ മനസ്സുള്ള ഒരു കൂട്ടം സുഹൃത്തുക്കളും.
പിറ്റേ ദിവസം രാവിലെ സൂര്യോദയം കാണാൻ പാമ്പൻ പാലത്തിൽ പോകാനുള്ളവരുടെ ലിസ്റ്റ് എടുത്ത്കൊണ്ട് അനൂപ് ചേട്ടൻ രംഗപ്രവേശനം ചെയ്തു. സമയം കടന്നുപോയതൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഉറക്കം ചിലരുടെ കണ്ണിനെ പിടിപെട്ട് തുടങ്ങിയപ്പോൾ സഭ പിരിച്ചുവിട്ടു. അവിടെ ഞങ്ങളെ കാത്തിരുന്നത് ടെന്റുകൾ ആയിരുന്നു , അതും എന്റെ ആദ്യാനുഭവമായിരുന്നു. വെറും അനുഭവമല്ല ,നല്ല തകർപ്പൻ അനുഭവം. സൂര്യോദയം സ്വപ്നംകണ്ടു ഞങ്ങൾ ഉറങ്ങി.
96 എന്ന തമിഴ് സിനിമയിലെ പാട്ടായിരുന്നു എന്നെ ഉറക്കം ഉണർത്തിയത്. സൂര്യൻ കാത്തിരുന്നു മടുത്തതുകൊണ്ടാകണം ഞങ്ങളെ കാണാൻ ഇങ്ങോട്ടു എത്തിയിരിന്നു. നീല കടലിനെ കണ്ടു ഏതായാലും എണീറ്റു, എല്ലാവരും ഒരേതൂവൽ പക്ഷികളാണ്. സൂര്യോദയകാഴ്ച്ച ആർക്കും വിധിച്ചിരുന്നില്ല, ഏതായാലും നല്ല അടിപൊളി ഇഞ്ചിച്ചായ ആ വിഷമങ്ങളെയൊക്കെ മാറ്റി. അൺലിമിറ്റഡ് ചായ ആരുന്നു ആ റിസോർട്ടിന്റെ മറ്റൊരു പ്രത്യേകത. പ്രതീക്ഷകൾ തെറ്റിക്കാതെ നല്ല പ്രഭാതഭക്ഷണവും കിട്ടി. കടലിലെ അറിയാനുള്ള സമയമായിരുന്നു പിന്നീട് - snorkaling. മീനുകളെയും പവിഴപുറ്റുകളെയും അവരുടെ വീട്ടിൽ ചെന്നു കാണണം, അതാണ് ഹീറോയിസം. വെള്ളത്തിൽ ഓളംവെട്ടം മാത്രമറിയാവുന്ന ഞാൻ ആ സാഹസത്തിനു മുതിർന്നില്ല. മറ്റുള്ളവർ snorkeling gear ഒക്കെ ഉപയോഗിച്ച് resort-ൽ ഉള്ളവരുടെ നിർദ്ദേശത്തോടെ കടലിനെ അറിയാൻ പോയി. തിരിച്ചുവന്നു വീഡിയോ കാണിച്ചപ്പോൾ ഞങ്ങളും അറിഞ്ഞു.
ഉച്ചയ്ക്കുള്ള ഗംഭീര ഭക്ഷണത്തിനുശേഷം ഒരിത്തിരി വിശ്രമം, അതിനുശേഷം ധനുഷ്കോടിയിലേക്ക്, പ്രേത നഗരിയിലേക്ക്. 2016-ൽ പണികഴിപ്പിച്ച ആ റോഡിലൂടെയുള്ള യാത്ര ഞങ്ങളുടെ എല്ലാം ഇൻസ്റ്റാഗ്രാം റീൽസ്-നെ തീറ്റിപ്പോറ്റാനുള്ള വകയാണെന്നു തിരിച്ചറിഞ്ഞു നിർത്താതെ ക്യാമറ ചലിപ്പിച്ചു.
ആകാശവും കടലും ചേരുന്നിടം സ്വർഗ്ഗ തുല്യമാണ്, അതു നിറങ്ങളുടെ വിസ്മയമാണ്.
അത് ഓർമ്മിക്കാൻ 349 കിലോമീറ്ററുകൾ യാത്ര വേണ്ടിവന്നു. മുന്നിൽകണ്ട അശോകസ്തംഭം യാത്രയുടെ അവസനമാണെന്നു ഓർമിപ്പിച്ചു. അവിടെനിന്ന് ശ്രീലങ്കൻ അതിർത്തി നോക്കിനിന്നു, കേവലം 30 കിലോമീറ്ററിനു അപ്പുറത്ത് ശ്രീലങ്കയാണ്. അവിടെ നിന്ന് തിരികെ വരുന്ന വഴിയിൽ കുറെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ കേറിയിറങ്ങി. റെയിൽവേസ്റ്റേനെയും അമ്പലത്തെയും,ക്രിസ്ത്യൻപള്ളിയെയും എല്ലാം ചില ശിലകൾ പ്രതിനിധീകരിച്ചിരുന്നു. 1964ലെ കൊടുങ്കാറ്റിൽ തകർന്നുപോയവ ആണതെല്ലാം. പഴയകാല പ്രതാപത്തിന്റെ സ്മാരകശിലകൾ പേറുന്ന അവിടം ഇന്ന് വെറുമൊരു ശവപ്പറമ്പാണ്. പണ്ട് ഇവിടെനിന്ന് ശ്രീലങ്കയിലേക്ക് ട്രെയിൻ ഉണ്ടായിരുന്നത്രെ, കൊടുങ്കാറ്റിൽ നഷ്ടമായതിൽ വഴിമധ്യേ ആയിപ്പോയ ട്രെയിനിലെ കുറേ മനുഷ്യ ജീവനുകളും ഉണ്ടായിരുന്നു.
അവിടെ ഒരു അമ്പലത്തിൽ വാനര സൈന്യം ലങ്കയിലേക്ക് ചിറകെട്ടാൻ ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ശിലകൾ കണ്ടു, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നവ . തിരികെയുള്ള യാത്രയിൽ ആ കെട്ടിട അവശിഷ്ടങ്ങളും അവിടുത്തെ ജീവിതങ്ങളും അങ്ങനെ തന്നെ മനസ്സിൽ തങ്ങി നിന്നു. വൈകുന്നേരം ആറുമണി കഴിഞ്ഞാൽ അവിടെ നിന്നും ആളുകളെ ഒഴിപ്പിക്കും. വഴിയിൽ സൂര്യാസ്തമയം കാണാൻ നിന്നിരുന്ന ഞങ്ങളെയും ആ കൂട്ടത്തിൽ ഒഴിപ്പിച്ചു. എന്നിരുന്നാലും ധനുഷ്കോടിയിലെ സ്വർണ്ണനിറമുള്ള സൂര്യാസ്തമയം നന്നായി ആസ്വദിച്ചു. അസ്തമയത്തിനു ശേഷം ആകാശത്തിൽ തെളിഞ്ഞ നിറങ്ങൾ ഞങ്ങൾ ജീവിതത്തിൽ കണ്ട കാഴ്ചകളിൽ ഏറ്റവും മികച്ചത് ആയിരുന്നു
രാമേശ്വരം ക്ഷേത്രത്തിൽ കയറാൻ ഉള്ളവർ അതുകഴിഞ്ഞ് റിസോർട്ടിൽ എത്തിയാൽ മതി എന്ന് അറിയിച്ചിരുന്നു, എന്നാൽ ക്ഷേത്രം അടച്ചിരുന്നതിനാൽ ആരും കയറിയില്ല
തിരികെവന്ന ഞങ്ങളെ റിസോർട്ടിൽ കാത്തിരുന്നത് ‘ഗ്രിൽഡ് കടൽ’ തന്നെയായിരുന്നു. പേരറിയാത്ത ഭീമൻ മീനുകൾക്കൊപ്പം നീരാളിയും, ഞണ്ടുകളും, ചെമ്മീനുകളും ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. പെട്ടെന്നുതന്നെ അവയെ അപ്രത്യക്ഷമാക്കാനുള്ള കഴിവും ഞങ്ങൾക്കുണ്ടായിരുന്നു. കഴിച്ചതിന്റെ ക്ഷീണമകറ്റാനിരുന്ന ഞങ്ങൾ പ്രതീക്ഷിക്കാത്ത ഒരു birthday ആഘോഷത്തിനും സാക്ഷ്യംവഹിച്ചു. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ശിൽപ്പയുടെ ബർത്ത് ഡേ ആയിരുന്നു March 2നു, മുൻകൂട്ടി കേക്കുമുറിച്ച് ഞങ്ങൾ അതങ്ങു ആഘോഷിച്ചു. നീണ്ട സൗഹൃദസംഭാഷണങ്ങൾക്കൊടുവിൽ രാത്രിയിലെപ്പോഴോ ഉറങ്ങി.
മൂന്നാം ദിവസം നേരത്തെ തന്നെ എണീറ്റുവെങ്കിലും സൂര്യോദയം കണ്ടിരുന്നില്ല. തലേദിവസം ക്ഷേത്രദർശനം നടക്കാഞ്ഞതിനാൽ ചിലർ രാവിലെതന്നെ അങ്ങോട്ടു പോയിരുന്നു. യാത്ര പറയേണ്ട ദിവസം ആണെന്നുള്ള തിരിച്ചറിവ് വിഷമമുണ്ടാക്കി. രാവിലത്തെ ഭക്ഷണം എല്ലാം കഴിഞ്ഞു, റെഡിയായി നല്ലൊരു ഫോട്ടോയ്ക്ക് ശേഷം യാത്ര പറഞ്ഞു.
വൈബ് തേടിയുള്ള യാത്രയിൽ ഗോകുൽ ചേട്ടൻ ആദ്യമേ യാത്ര പറഞ്ഞു പോയി, വന്ന വഴി മറക്കണമെന്ന് മുദ്രാവാക്യത്തോടെ കോസ്റ്റൽ റൂട്ടിൽ നിന്നും മാറി കോവിൽപെട്ടി തെങ്കാശി റൂട്ട് വഴി ഞങ്ങളും. സൂര്യകാന്തി പാടങ്ങളും, കൃഷിയിടങ്ങളും, റോഡിന് ഇരുവശത്തുമുള്ള പുളിമരങ്ങളും കണ്ണിനും മനസ്സിനും കാഴ്ചയുടെ വസന്തം നൽകി. ഈ യാത്ര കുറച്ചു കൂടി സുഖപ്രദം ആയിരുന്നു. പൊള്ളുന്ന വെയിലിൽ സൂര്യകാന്തിപാടങ്ങളിലൂടെ ഇറങ്ങി ഫോട്ടോ എടുക്കുക എന്ന പ്രത്യേക ആചാരം ഉണ്ടായിരുന്നു. ആട്ടിൻകൂട്ടവും മൃഗങ്ങളും ഞങ്ങളെപ്പോലെ തന്നെ പലയിടങ്ങളിലും റോഡ് കയറിയിരുന്നു. മുന്നിൽ നിന്നും കിട്ടിയ സിഗ്നൽ പിന്നിലേക്ക് കൊടുത്തു കൊണ്ട് ആ യാത്ര തുടർന്നു.
ഉച്ചയോടെ കോവിൽപെട്ടി അമ്മൻകോവിൽ അനന്ത ഹോട്ടലിലെത്തി. സാമാന്യം വലിയൊരു ഹോട്ടൽ, ഭക്ഷണം അതിഗംഭീരം. വെയിൽ കണ്ടാൽ മൈഗ്രൈൻ വരുന്ന എനിക്ക് കഴിഞ്ഞ രണ്ട് ദിവസമായി തലവേദന വരാത്തതിൽ അത്ഭുതപ്പെട്ടിരുന്ന ഞങ്ങളെ, ഒന്നും മാറിയിട്ടില്ല എന്ന ഓർമപ്പെടുത്തലുമായി അവൻ വന്നു. ഞങ്ങളുടെ റോക്കിഭായ് അവിടെ ഡോക്ടർ റോക്കിഭായ് ആവുകയും മരുന്ന് തരുകയും ചെയ്തു. പിന്നീടുള്ള യാത്ര നല്ലരീതിയിൽ തുടരാനും കഴിഞ്ഞു.
യാത്രക്കിടയിൽ ഞങ്ങളുടെ രൂപവും രീതിയും കണ്ടിട്ടാകണം പോലീസ് തടഞ്ഞു. ഇലക്ഷൻ സമയം ആയതിനാൽ വഴിയിൽ ഇനിയും നിർത്തേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി. ഭംഗിയുള്ള ചെറിയ നാടൻ വഴികളും വീടുകളും എല്ലാം കടന്നു വരുന്നതിനിടയിൽ, ഞാൻ തമിഴ് സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ശവമഞ്ചം കണ്ടു. ഒറ്റത്തവണ കാണാനുള്ള ധൈര്യമേ എനിക്കുള്ളൂ എന്ന് മനസ്സിലാക്കിയ എൻറെ നല്ലപാതി ആ കാഴ്ചയെ എന്നിൽ നിന്നും മറച്ചു. വഴിയിൽ ഞങ്ങളുടെ ഒരു ടീമിനെ കൈവിട്ടുപോയി പോയി. അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയും എന്നുള്ളതുകൊണ്ട് മാത്രം അവരെ ഞങ്ങൾ തേടി കണ്ടെത്തി.
ഒരു ചായയൊക്കെ കുടിച്ചു തെങ്കാശിയിലേക്ക്. കണ്ണിനു നേരെ സഹ്യനും കാറ്റാടിപ്പാടങ്ങളും കണ്ടുതുടങ്ങി. തെങ്കാശിയിലെ റഹ്മത്ത് ഹോട്ടലിലെ കോയിൻ പൊറോട്ട എന്ന പൈലറ്റായ ആദിത് ചേട്ടൻന്റെ വാഗ്ദാനം നമ്മൾ മനസ്സിൽ താലോലിച്ച പോരുകയായിരുന്നു. തെങ്കാശിയും കഴിഞ്ഞു ആര്യങ്കാവ് എത്താറായപ്പോളാണ് ചതിക്കപ്പെട്ടത് മനസ്സിലാക്കിയത്. ആ ഹോട്ടൽ വഴികളിലെവിടെയോ നഷ്ടപ്പെട്ടു പോയത്രെ!
ചുരം കേറിയിരുന്നു അപ്പോഴേക്കും. ചുറ്റും പച്ച, ഒപ്പം ഭീമാകാരമായ ലോഡുകളുമായി പോകുന്ന ലോറികളും. അവയെല്ലാം മറികടന്നു തെന്മലയിൽ എത്തിയപ്പോൾ ഞങ്ങളുടെ റൈഡർ അളിയന്മാർ യാത്രപറഞ്ഞു. തെന്മല കണ്ണറ പാലത്തിലെ വിശ്രമത്തിനുശേഷം വീണ്ടും യാത്ര തുടർന്നു. അടുത്ത യാത്ര പറച്ചിൽ ഞങ്ങളുടേതാണ്. പാലോട് എത്തിയപ്പോഴേക്കും ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ പൂർണ സംതൃപ്തിയോടെ മൂന്നുദിവസം മുന്നിലും പിന്നിലുമായി നിന്ന റൈഡർ ചങ്കുകളേ പിരിക്കുന്നതിനുള്ള വിഷമത്തോടെ എന്റെ ടീമിനോട്, Metal Gear Club-നോട് യാത്ര പറഞ്ഞു.